കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായതിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് എന്നാണ് പിഷാരടി കുറിപ്പിൽ പറയുന്നത്. ധർമ്മജന്റെയും ഭാര്യയുടെയും വിവാഹ ഫോട്ടോയും കുറിപ്പിനൊപ്പം ഉണ്ട്.

മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ ബോൾഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് താലി ചാർത്തിയത്. വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തിൽ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

പിഷാരടി കുറിപ്പിൽ പറയുന്നത്

'ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു ' ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം...?? കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു??. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ ??
ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്... ??
അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്

തമാശ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ധർമജൻ ബോൾഗാട്ടി. രണ്ട് പെൺമക്കളാണ് ധർമജൻ ബോൾഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധർമജന്റെ മക്കൾ. നിരവധി ആരാധകരാണ് ധർമജന് വിവാഹ ആശംസകൾ നേരുന്നത്.

നടൻ ധർമജൻ ബോൾഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകർഷിച്ചത്. പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധർമജൻ ബോൾഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്‌റ്റേഴ്‌സ് തുടങ്ങിയവയ്ക്ക് പുറമേ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, അരികിൽ ഒരാൾ, വസന്തത്തിന്റെ കനൽവഴികളിൽ, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമർ അക്‌ബർ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാർപാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവയിലും ധർമ്മജൻ ബോൾഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധർമജൻ ബോൾഗാട്ടി ചിരി വേഷങ്ങളിലെത്തി.

ധർമജൻ ബോൾഗാട്ടി വേഷമിട്ട ചിത്രങ്ങളിൽ ഒടുവിൽ പവി കെയർടേക്കറായിരുന്നു പ്രദർശനത്തിന് എത്തിയത്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിർവഹിച്ചത് വിനീത് കുമാറാണ്. ധർമജൻ ബോൾഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടായി വേഷമിട്ടപ്പോൾ ദീപു ജി പണിക്കർ, ജോണി ആന്റണി, റോസ്മി, ജിനു ബെൻ, സ്ഫടികം ജോർജ് എന്നിവരും ഉണ്ടായിരുന്നു.