മുംബൈ: നടി നികിത റാവലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപ തട്ടിയെടുത്തു. നടിയുടെ വസതിയിൽ വച്ച് വീട്ടുജോലിക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഗുണ്ടകളെ കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടുജോലിക്കാരൻ പണം കവർന്നത് എന്നാണ് പരാതിയിൽ പറയുന്നത്. നടിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഒന്നിലധികം ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായും ജീവൻ ഭയന്ന് പണം നൽകുകയായിരുന്നുവെന്നും നടി പറഞ്ഞു. വീട്ടിലെ മറ്റു ജോലിക്കാർ ഇല്ലാതിരുന്ന സമയത്താണ് സംഭവം. സ്വന്തം വീട്ടിലെ ജീവനക്കാരനാണ് കവർച്ച നടത്തിയതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താൻ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു.

''ചിലർ ആദ്യം വിശ്വാസം നേടിയെടുക്കുകയും അത് ഇത്രത്തോളം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ ഖേദമുണ്ട്. ഒന്നിലധികം ഗുണ്ടകൾ കഴുത്തിൽ കത്തിയുമായി ഭീഷണിപ്പെടുത്തി തോക്കിന് മുനയിൽ നിർത്തുമ്പോൾ ശരിക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിയ ആഭരണങ്ങൾക്കൊപ്പം 3.5 ലക്ഷം രൂപയും അവർ അപഹരിച്ചു''- അവർ പറഞ്ഞു.