കൊച്ചി: ദേശീയ അവാർഡ് ജേതാവായ സംവിധായകൻ റാമും നിവിൻ പോളിയും ഒന്നിക്കുന്ന 'ഏഴു കടൽ, ഏഴു മലൈ' ലോകപ്രശസ്തമായ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 25 മുതൽ ഫെബ്രുവരി നാല് വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീൻ കോമ്പറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ഇത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ തമിഴ് നടൻ സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അഞ്ജലിയാണ്.

ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം പകരുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച എൻ. കെ ഏകാംബരമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - ഉമേഷ് ജെ കുമാർ, ചിത്രസംയോജനം - മതി വി എസ്, ആക്ഷൻ - സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി - സാൻഡി. ബോളിവുഡ് സിനിമകളിൽ പ്രവർത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനർ. ദേശീയ അവാർഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.