ചെന്നൈ: റാം - നിവിൻ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധ നേടിയചിത്രം വീണ്ടും ശ്രദ്ധ നേടുകയാണ്. റൊമാനിയയിലെ ട്രാൻസിൽവാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുൻപ് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന് ഇരു മേളകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

പ്രണയം വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. ചിത്രത്തിന്റെ പോസ്റ്ററുകളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സൂരി, അഞ്ജലി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്. മലയാളി ഫ്രം ഇന്ത്യയാണ് നിവിൻ പോളി നായകനായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.