കൊച്ചി: സ്വവർഗ പ്രണയം പ്രമേയമാക്കിയ കാതലിന് മികച്ച പ്രതികരണമാണ് സിനിമാ ലോകത്തു നിന്നും ലഭിക്കുന്നത്. അതേസമയം ഇതിന് മുമ്പും അത്തരം സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, അന്ന് ആ സിനിമ വലിയ തോതിൽ സ്വീകരിക്കപ്പെട്ടില്ല. ഇതേക്കുറിച്ചു തുറന്നു പറഞ്ഞ് രംഗത്തു വന്നത് സംവിധായകൻ എം ബി പത്മകുമാറാണ്.

സ്വവർഗ പ്രണയം പ്രമേയമാക്കി 2014ൽ മൈ ലൈഫ് പാർട്ണർ എന്ന ചിത്രം സംവിധാനം ചെയ്തതിന് തന്നെ സമൂഹം കല്ലെറിഞ്ഞു എന്നാണ് വിഡിയോയിലൂടെ പത്മകുമാർ പറയുന്നത്. തുണ്ടു പടത്തിന്റെ സംവിധായകൻ എന്ന് ആക്ഷേപിച്ചു. നിരവധി അവാർഡുകൾ ചിത്രത്തെ തേടിയെത്തിയെങ്കിലും തിയറ്റർ കിട്ടാൻ ബുദ്ധിമുട്ടിയെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.

2014 ൽ ഞാൻ അനുഭവിച്ച ഒരു മാനസിക സംഘർഷം വല്ല വളരെ വലുതായിരുന്നു. ഒരു സ്വവർഗ പ്രണയ സിനിമ ഞാൻ ചെയ്തു എന്നു പറഞ്ഞിട്ട് സമൂഹം എന്റെ നേരെ കല്ലെറിഞ്ഞു. എന്റെ കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ അവരോട് പറഞ്ഞത് തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കൾ ആണ് എന്നാണ്. അവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു അത് എന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ കുത്തി നോവിച്ചിരുന്നു.- പത്മകുമാർ പറഞ്ഞു.

സൂപ്പർതാരങ്ങൾ ഇല്ല എന്നു പറഞ്ഞാണ് എന്റെ സിനിമ തിയറ്ററിൽ നിന്ന് മാറ്റിയത്. ഒന്നുരണ്ടു മൾട്ടിപ്ലക്‌സുകളിൽ ചിത്രം പ്രദർശിപ്പിച്ചെങ്കിലും കാണാൻ ആരുമുണ്ടായില്ല. 'മൈ ലൈഫ് പാർട്ണറിന് ആ വർഷത്തെ സംസ്ഥാന അവാർഡും സുദേവ് നായർക്ക് നല്ല നടനുള്ള പുരസ്‌കാരവും ലഭിച്ചു. 'മൈ ലൈഫ് പാർട്ണർ' നിർമ്മിക്കാൻ ഒരുപാട്ത്യാഗം സഹിക്കേണ്ടി വന്ന നിർമ്മാതാവ് അത് പിന്നീട് ഏതോ ഓൺലൈൻ ചാനലിന് വിറ്റു. അതിലെ രംഗങ്ങൾ മാത്രമാണ് അവർ പുറത്തുവിട്ടത്. തന്റെ സിനിമ നിരാകരിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം സ്വവർഗ പ്രണയം പറഞ്ഞു വന്ന ജിയോ ബേബിയുടെ കാതൽ എന്ന സിനിമ ആളുകൾ സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സിനിമ കാണാനും പ്രേക്ഷകരോട് പത്മകുമാർ ആവശ്യപ്പെട്ടു.