ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം ഗംഭീരമായിരുന്നു. ഇപ്പോഴിതാ തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി ഉപവാസം ആരംഭിച്ചിരിക്കുകയാണ് പവൻ കല്യാൺ.

11 ദിവസം നീണ്ടുനിൽക്കുന്ന വാരാഹി ദീക്ഷയാണ് നടത്തുന്നത്. ഇതിൽ വരാഹി അമ്മവാരിയെ ആരാധിക്കും. വരാഹി ദീക്ഷയുടെ നിയമങ്ങൾ അനുഷ്ഠിക്കാൻ പ്രയാസമാണ്. പവൻ കല്യാണ് 11 ദിവസം നിരാഹാരം അനുഷ്ഠിക്കേണ്ടിവരും.

ഇതിന് മുൻപ് 2023 ജൂണിൽ അദ്ദേഹം വരാഹി ദേവിയെ ആരാധിച്ചിരുന്നു, അതോടൊപ്പം അദ്ദേഹം വരാഹി വിജയ യാത്ര ആരംഭിക്കുകയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. മതവിശ്വാസമനുസരിച്ച് ഹിന്ദു മതത്തിലെ ഏഴ് മാതൃദേവതകളുടെ ഒരു കൂട്ടമായ മാത്രികകളിൽ ഒന്നാണ് വരാഹി ദേവി. പന്നിയുടെ തലയോടുകൂടിയ വരാഹി വിഷ്ണുദേവന്റെ അവതാരമായ വരാഹയുടെ ശക്തി (സ്ത്രീശക്തി) ആണ്. വരാഹി എന്നാൽ ഭൂമി ദേവി എന്നും അർത്ഥമുണ്ട്.