ഹൈദരാബാദ്: എസ്. എസ് രാജമൗലി സംവിധാനം ചെയ്ത' ബാഹുബലി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ബാഹുബലി സീരീസിന് ശേഷം പ്രഭാസ് ചെയ്തതെല്ലാം ബിഗ് ബജറ്റ് സിനിമകളായിരുന്നു. എന്നാൽ ഒന്നുപോലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തതായി സലാർ എന്ന സിനിമയാണ് പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഈ സിനിമയിൽ പ്രഭാസിന് വലിയ പ്രതീക്ഷയാണ് ഉള്ളത്.

കരിയറിനൊപ്പം തന്നെ പ്രഭാസിന്റെ വ്യക്തിജീവിതവും ചർച്ചയാകാറുണ്ട്. പ്രഭാസിന്റെ ബാച്ചിലർ ലൈഫ് അവസാനിക്കുകയണാണെന്നും താരം വിവാഹിതനാകാൻ പോവുകയാണെന്ന് നടന്റെ ആന്റി ശ്യാമള ദേവി അറിയിച്ചു. പ്രഭാസിന്റെ അച്ഛന്റെ സഹോദരൻ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി.

'പ്രഭാസിന്റെ വിവാഹം ഉടനെ നടക്കും. ദുർഗാ ദേവിയുടെയും അച്ഛന്റെ സഹോദരൻ കൃഷ്ണം രാജുവിന്റെയും അനുഗ്രഹം പ്രഭാസിനുണ്ടാകും. വിവാഹത്തിന് മാധ്യമങ്ങളെയെല്ലാം ക്ഷണിക്കും', ശ്യാമള ദേവി പറഞ്ഞു.

കുറച്ചു നാളുകൾക്ക് മുൻപ് ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതേസമയം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കെ ജി എഫിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്.