കൊച്ചി: പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മെയ്‌ 16 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോക്‌സിക് അളിയന്മാരുടെ കഥ പറയുന്ന ചിത്രം ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

പ്രേക്ഷകരിൽ നിന്ന് മാത്രമല്ല ബോക്‌സോഫീസിൽ നിന്നും മികച്ച പ്രതികരണമാണ് ഗുരുവായൂരമ്പല നടയിൽ ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം 50 കോടി ക്ലബ്ബിൽ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം ഏറ്റെടുത്ത ജനങ്ങളോട് നന്ദിയും അറിയിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇറങ്ങിയ ഭൂരിഭാഗം മലയാള സിനിമകളും 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.

മികച്ച ഒപ്പണിങ്ങാണ് ഗുരുവായൂരമ്പല നടക്ക് ലഭിച്ചത്.3.8 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ഒപ്പണിങ് കളക്ഷൻ നേടിയത് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനാണ്. 5.85 കോടിയുമായി റിലീസിന് കേരളത്തിൽ നിന്ന് സമാഹരിച്ചത്. രണ്ടാമത് പൃഥ്വിയുടെ ആടുജീവിതമാണ്. ചിത്രത്തിന്റെ ഒപ്പണിങ് കളക്ഷൻ 5.83 കോടി രൂപയാണ്.22.53 കോടിയാണ് ഗുരുവായൂരമ്പല നടയിലിന്റെ ആറ് ദിവസത്തെ ഇന്ത്യയിലെ കളക്ഷൻ.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. രണ്ട് ടോക്‌സിക് ആളിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജ്, ബേസിൽ എന്നിവർക്കൊപ്പം നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെയു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.