കൊച്ചി: അഭിനേതാവായ കഥ പറഞ്ഞ് നടൻ രാജ് ബി ഷെട്ടി. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് സിനിമയിൽ അഭിനയിക്കേണ്ടി വന്ന ആളാണ് താനെന്നാണ് കന്നഡ നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാജ്. ബി ഷെട്ടി പറഞ്ഞത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പലരേയും നോക്കിയെന്നും എന്നാൽ ഒടുവിൽ ചിത്രത്തിലെ നായകവേഷം താൻ തന്നെ ചെയ്യേണ്ടി വന്നുവെന്നും അടുത്തിടെ നൽകി അഭിമുഖത്തിൽ പറഞ്ഞു.

'ഞാൻ ആദ്യമായി സംവിധാനം ചെയ്ത 'ഒണ്ടു മൊട്ടെയ കഥെ' എന്ന സിനിമയുടെ സമയത്ത് നായക കഥാപാത്രത്തിനായി പലരേയും നോക്കി. നടൻ വിനയ്‌ഫോട്ടിനെ പരിഗണിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് യോജിച്ച ആരേയും കിട്ടിയില്ല. കഷണ്ടിയുള്ള അഭിനയിക്കാനറിയാവുന്ന, മംഗലാപുരം സ്ലാങിൽ സംസാരിക്കാൻ പറ്റുന്ന ഒരാളെ ഒരുപാട് അന്വേഷിച്ചു. ഇതെല്ലാം കൂടിച്ചേരുന്ന ഒരാളെ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു സമയത്ത് സിനിമ നടക്കുമോ എന്നുവരെ തോന്നിപ്പോയി.

ചിത്രം നിന്നു പോകുമോ എന്ന അവസ്ഥയിലാണ് നിർമ്മാതാവ് ആ വേഷം എന്നോട് ചെയ്യാൻ പറയുന്നത്. ആളുകൾ എന്റെ മുഖം സ്വീകരിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ പൊളിറ്റിക്സ് എല്ലാവർക്കും ഇഷ്ടമായി-' രാജ് ബി. ഷെട്ടി പറഞ്ഞു.

മമ്മൂട്ടി ചിത്രമായ ടർബോയിൽ ഒരു പ്രധാന കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നുണ്ട്. വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മെയ്‌ 22 ന് ചിത്രം റിലീസ് ചെയ്യും.