കൊച്ചി: രജനികാന്ത് ഒരു സംഘിയല്ല എന്ന മകൾ ഐശ്വര്യ രജനികാന്തിന്റെ പ്രസ്താവന വലിയ രീതിയിൽ ചർച്ചയായിരുന്നു. തന്റെ അച്ഛൻ സംഘിയല്ലെന്നും ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ രജനികാന്ത് പറഞ്ഞത്. ഇപ്പോഴിതാ മകൾ ഐശ്വര്യയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് രജനികാന്ത്.

സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകൾ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനികാന്ത് പറഞ്ഞത്. എന്റെ മകൾ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവൾ ചോദിച്ചത്.- താരം പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതോടെയാണ് രജനികാന്തിനെതിരെ വിമർശനം ശക്തമായത്. ഇതോടെ തന്റെ പുതിയ ചിത്രം ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ പ്രതികരിച്ചത്. അടുത്തിടെ നിരവധി പേരാണ് എന്റെ അച്ഛനെ സംഘി എന്നു വിളിച്ചത്. അതിന്റെ അർത്ഥം എനിക്ക് അറിയില്ലായിരുന്നു.

പ്രത്യേക പാർട്ടി പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരോ എന്നോട് പറഞ്ഞു തരികയായിരുന്നു. ഞാൻ ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. രജനികാന്ത് ഒരു സംഘി അല്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹം ലാൽ സലാമിൽ അഭിനയിക്കില്ലായിരുന്നു.- എന്നാണ് ഐശ്വര്യ പറഞ്ഞത്. മകളുടെ വാക്കുകൾ കണ്ണീരോടെയാണ് രജനികാന്ത് കേട്ടിരുന്നത്.