ചെന്നൈ: തിരഞ്ഞെടുപ്പ് കാലത്ത് ശ്വാസം വിടാൻ പോലും തനിക്ക് ഭയമാണെന്ന് രജനികാന്ത്. ചെന്നൈയിലെ കാവേരി ആശുപത്രി ഉദ്ഘാടനത്തിന് മുഖ്യാതിഥി ആയി എത്തിയപ്പോൾ ആയിരുന്നു രജനികാന്ത് സംസാരിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് വാ തുറക്കാൻ തന്നെ പേടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് രജനികാന്ത് സംസാരിച്ചത്.

സത്യത്തിൽ എനിക്ക് സംസാരിക്കാൻ വലിയ താൽപര്യമില്ലായിരുന്നു. പക്ഷേ എന്നോട് എന്തെങ്കിലും സംസാരിക്കാണമെന്ന് അവർ പറഞ്ഞതു കൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. പരിപാടിയിൽ ഒത്തിരി മാധ്യമങ്ങൾ ഉണ്ടാകുമോ എന്നാണ് ഞാൻ അവരോട് ചോദിച്ചിരുന്നു. ഇപ്പോൾ ഈ ക്യാറകളൊക്കെ കണ്ടിട്ട് പേടിയാണ്.

തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് ഭയമാണ് എന്നാണ് രജനികാന്ത് പറയുന്നത്. ഏപ്രിലിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രജനിയുടെ രസകരമായ പ്രസ്താവന. കാവേരി ആശുപത്രിയെ കുറിച്ചും താരം പറയുന്നുണ്ട്.

നേരത്തെ, കാവേരി ആശുപത്രി എവിടെയെന്ന് ചോദിച്ചാൽ, അത് കമൽഹാസന്റെ വീടിനടുത്താണെന്ന് ആളുകൾ പറയുമായിരുന്നു. ഇപ്പോൾ കമലിന്റെ വീട് എവിടെയെന്നു ചോദിച്ചാൽ കാവേരി ആശുപത്രിക്കടുത്താണെന്നാണ് പറയുന്നത്. മാധ്യമപ്രവർത്തകരോട്, ഇതൊക്കെ വെറും തമാശയാണ്. രജനികാന്ത് കമലുമായി വഴക്കാണെന്ന് എഴുതരുത് എന്നാണ് രജനികാന്ത്.

അതേസമയം, തമിഴകം ഏറെ പ്രതീക്ഷയോടെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം കാത്തിരുന്നിരുന്നു. എന്നാൽ താരം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനായി രൂപീകരിച്ച മക്കൾ മൻട്രം പിരിച്ചുവിട്ടിരുന്നു.