ചെന്നൈ: നെൽസൺ - രജനികാന്ത് ചിത്രമായ ജെയ്ലറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് വിനായകൻ അവതരിപ്പിച്ച 'വർമൻ'. വിനായകന്റെ കരിയർ ബെസ്റ്റ് എന്നൊക്കെ ചിത്രത്തെ വിശേഷിപ്പിക്കാം. രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ എന്നീ സൂപ്പർ സ്റ്റാറുകൾ അണിനിരന്ന ചിത്രത്തിൽ പക്ഷെ പ്രേക്ഷകർ ഏറ്റെടുത്തത് വർമൻ എന്ന വില്ലനെ ആയിരുന്നു.

ഇപ്പോൾ വിനായകനെ പുകഴ്‌ത്തി രംഗത്തുവന്നിരിക്കയാണ് നടൻ രജനികാന്ത്. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നാണ് ജയിലറിന്റെ വിജയാഘോഷ വേളയിൽ രജനികാന്ത് പറഞ്ഞത്. കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു.

'ഷോലെയിലെ ഗബ്ബാൻ സിങ് പോലെ വർമൻ സെൻസേഷൻ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളതുകൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്''- സൂപ്പർ സ്റ്റാർ പറഞ്ഞു.

100 കോടി രൂപക്ക് നെറ്റ്ഫ്ലിക്സാണ് സിനിമയുടെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്.

ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്.മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി തുടങ്ങി ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിലെ നിർണായക വേഷങ്ങളിലെത്തുന്നത്. തമന്ന, രമ്യാ കൃഷ്ണൻ, വസന്ത് രവി, റെഡിൻ കിങ്സ്ലി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.