കൊച്ചി: ആസിഫ് അലി നായകനായ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രജിഷ വിജയൻ. ഇപ്പോൾ മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച രജിഷയ്ക്ക് അവിടെയും ആരാധകർ ഏറെയാണ്. ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, ജയ് ഭീം, കീടം, മലയൻകുഞ്ഞ്, കർണൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. കഴിഞ്ഞ വർഷം ഇറങ്ങിയ തമിഴ് ചിത്രം സർദാർ ആണ് രജിഷ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.

സിനിമയിലെ അഭിനയവും അതിനെത്തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ പുകിലും താൻ കാര്യമാക്കാറില്ലെന്നാണ് രജിഷ പറയുന്നത്. ചില രംഗങ്ങളിൽ അഭിനയിച്ചത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണെന്ന് രജിഷ വിജയൻ പറയുന്നു.സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് നടി വ്യക്തമാക്കി. സിനിമയിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അങ്ങനെ ചെയ്യേണ്ടി വരും. അത്തരത്തിലുള്ള സോഷ്യൽ മീഡിയ ആഘോഷങ്ങളൊന്നും കാണാൻ ആഗ്രഹമില്ല. അതൊന്നും എന്നിലെ നടിയെ ഒട്ടും ബാധിക്കുന്ന കാര്യമല്ലെന്നും രജിഷ പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ നമ്മുടെ നല്ല നേരങ്ങൾ അപഹരിച്ചെടുക്കുമെന്നാണ് രജിഷ പറയുന്നത്. അതുകൊണ്ട് താൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലെന്നും അവർ പറഞ്ഞു.വാട്സ്ആപ് ഇല്ലാത്ത ഫോൺ ആണ് ഉപയോഗിക്കുന്നതെന്ന് താരം പറഞ്ഞു. യഥാർത്ഥത്തിൽ താൻ അത് ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും നടി വ്യക്തമാക്കി. 'ഈ ഡിജിറ്റൽ ലോകത്ത് ജീവിക്കുമ്പോൾ യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടമാകുമെന്ന് എനിക്ക് ഭയമുണ്ട്. ഈ ലോകം തീർത്തും വ്യത്യസ്തമാണ്. ഒട്ടും ആത്മാർത്ഥതയില്ലാത്ത ഒരു ഡിജിറ്റൽ ലോകമായി ഇത് മാറിയിട്ടുണ്ട്'- രജിഷ പറഞ്ഞു.

'നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള വിലയേറിയ സമയമാണ് നഷ്ടമാവുന്നത്. നല്ല നിമിഷങ്ങൾക്കായി മാറ്റി വെക്കേണ്ട ജീവിതത്തിലെ നേരങ്ങൾ അത് അപഹരിച്ചെടുക്കും. അതുകൊണ്ടാണ് ഞാൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്തത്. ഡിജിറ്റൽ ലോകത്ത് നിന്ന് മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതു വരെ അതിന്റെ പേരിൽ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ല'- രജിഷ വിജയൻ പറഞ്ഞു.