ഹൈദരാബാദ്; ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിനെ (ആരാധ്യ ദേവി) നായികയാക്കി സിനിമ നിർമ്മിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ശ്രീലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾ പലതവണ വർമ്മ പോസ്റ്റു ചെയ്തിരുന്നു. ഇപ്പോൽ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു റീൽ കൂടി പങ്കുവെച്ചിരിക്കയാണ്‌രാം ഗോപാൽ വർമ.

പുതിയ സിനിമയോടനുബന്ധിച്ചുള്ള റീൽ വിഡിയോയിൽ അതീവ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെടുന്നത്. വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ഉയരുന്നത്. ശ്രീലക്ഷ്മിക്കു നേരെയും കമന്റ് ബോക്‌സിൽ അധിക്ഷേപ വാക്കുകൾ നിറയുകയാണ്. ശ്രീലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോയും നിരന്തരം പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെയാണ് കൂടുതൽ വിമർശനങ്ങളും. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നിലവാരം കുറഞ്ഞ സിനിമകളെടുത്താണ് ആർജിവി വാർത്തകളിൽ ഇടം നേടിയത്.

View this post on Instagram

A post shared by RGV (@rgvzoomin)

പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാൽ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് രാം ഗോപാൽ വർമ ഇപ്പോൾ സിനിമ ചെയ്യുന്നതെന്നും വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ശ്രീലക്ഷ്മി നായികയാകുന്ന ചിത്രത്തെ സംബന്ധിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയരുന്നുണ്ട്.

അതേസമയം ആരാധ്യ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫൊട്ടോഗ്രഫറായ അഘോഷ് വൈഷ്ണവം ആണ് സംവിധാനം. 'സാരി' എന്നാണ് ചിത്രത്തിന്റെ പേര്. ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റും രാം ഗോപാൽ വർമ പുറത്തുവിട്ടിരുന്നു. അഘോഷിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ആർജിവിയും ആർവി ഗ്രൂപ്പും ചേർന്നാണ് നിർമ്മിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും.

സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. ആരാധ്യ ദേവി എന്നാണു പുതിയ പേര്. ഇൻസ്റ്റഗ്രാമിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം ഇൻഫ്ളുവെൻസറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അങ്ങനെ വൈറലായ റീൽ വിഡിയോയാണ് രാം ഗോപാൽ വർമ തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ ആദ്യം പങ്കുവച്ചത്. ഈ പെൺകുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെൺകുട്ടി മലയാളി മോഡലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്.

ശ്രീലക്ഷ്മിയെ സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് വാർത്തയായിരുന്നു. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞതിനു േശഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.