കൊച്ചി: തിയറ്ററുകളെ ആവേശത്തിലാക്കുകയാണ് രംഗണ്ണനും പിള്ളേരും. ബോക്‌സോഫീസിൽ തരംഗം തീർത്ത സിനിമ 100 കോടിയും കടന്നാണ് കുതിപ്പ്. ഇതിനിടെ ഇപ്പോൾ രംഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. തിയറ്ററിനെ ആകെ ചിരിപ്പിച്ച രംഗണ്ണന്റെ ഒരു ഡലോഗിനൊപ്പമാണ് ജിത്തു ഫോട്ടോ പങ്കുവച്ചത്. രംഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തും മാധവൻ

'എട മോനേ ലൈസൻസൊണ്ടോ ഇല്ലെങ്കി എന്റെ ലൈസൻസ് അമ്പാന്റടുത്തുണ്ട്, അത് വാങ്ങിച്ചോ!'- എന്നാണ് ജിത്തു കുറിച്ചത്. ലൈസൻസിൽ രംഗണ്ണന്റെ യഥാർത്ഥ പേരും മറ്റു വിവരങ്ങളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത് ഗംഗാധരൻ എന്നാണ് രംഗണ്ണന്റെ യഥാർത്ഥ പേര്. തന്റെയും അച്ഛന്റേയും പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് രംഗ എന്ന പേര് അദ്ദേഹം സ്വീകരിച്ചത്.

1978 ഏപ്രിൽ 15നാണ് രംഗന്റെ ജനനതിയതി. കഴിഞ്ഞ ഏപ്രിൽ 15ന് രംഗണ്ണന് 46 തികഞ്ഞു എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇത് ശരിയാണോ എന്ന് നസ്രിയയെ ടാഗ് ചെയ്ത് ആരാധകർ ചോദിക്കുന്നുണ്ട്. രഞ്ജിത്ത് ഗംഗാധരൻ രംഗ ആയതുപോലെ അംബാൻ അമ്പാടി അനിൽകുമാർ എന്ന് വല്ലതും ആണോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്ത് ചോദിച്ചത്.

ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്ററാണ് ഫഹദ് എത്തിയത്. വിഷു റിലീസായെത്തിയ ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു. ഹൗസ് ഫുള്ളായി പ്രദർശനം വൈകാതെ 150 കോടിയിൽ കയറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.