മുംബൈ: 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടി രവീണ ടണ്ടൻ. ആൾക്കൂട്ടവുമായി നടന്ന പ്രശ്നത്തിൽ തനിക്കെതിരെ എക്‌സിലൂടെ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെയാണ് നടി കേസ് നൽകിയിരിക്കുന്നത്. ബാന്ദ്രയിൽ വച്ച് മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച നടി നാട്ടുകാരെ അപമാനിച്ചുവെന്നായിരുന്നു ആദ്യം ഉയർന്ന പരാതികൾ. എന്നാൽ, ഈ പരാതി തീർത്തും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. നേരത്തെ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിക്കാരൻ വ്യാജ പരാതിയാണ് നൽകിയതെന്നും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവർ വാഹനം റിവേർസ് എടുമ്പോൾ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു.

ഇവർ കാർ നിർത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തർക്കം രൂക്ഷമായതോടയാണ് ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ടൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്.

എന്നാൽ മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെട്ട വീഡിയോ പ്രചരിപ്പിച്ചയാൾ, തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിലൂടെ നടിയെ മനഃപൂർവം അപമാനിക്കാനാണ് ശ്രമിച്ചതെന്നും സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നും രവീണയുടെ അഭിഭാഷക പറഞ്ഞു. കുറ്റക്കാരന് ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടി.