ചെന്നൈ: തെന്നിന്ത്യയിൽ നിന്നും തുടങ്ങി ഇപ്പോൾ ബോളിവുഡിലെ പ്രിയതാരമാണ് രശ്മിക മന്ദാന. നടൻ വിജയ് ദേവരകൊണ്ടയുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന എന്ന ചോദ്യത്തിന് രശ്മിക പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ട നായകനായെത്തുന്ന ഗം ഗം ഗണേശ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനെത്തിയതായിരുന്നു രശ്മിക. പ്രിയപ്പെട്ട സഹതാരം ആരാണെന്ന് ആനന്ദാണ് രശ്മികയോട് ചോദിച്ചത്. വലിയൊരു പൊട്ടിച്ചിരിയോടെയാണ് രശ്മിക ചോദ്യത്തിന് മറുപടി പറഞ്ഞത്.

ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. ചോദ്യത്തിന് പിന്നാലെ കാണികൾക്കിടയിൽ നിന്നും വിജയ് ദേവരകൊണ്ടയുടെ പേര് പറയുന്നത് കേൾക്കാം. അവസാനം 'റൗഡി ബോയ്' എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുന്നുമുണ്ട്. ആരാധകർക്കിടയിൽ വിജയ് ദേവരകൊണ്ട അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്. എന്തായാലും രശ്മികയുടെ മറുപടി ആരാധകരേറ്റെടുത്തു കഴിഞ്ഞു. അധികം വൈകാതെ ഇരുവരും പ്രണയം തുറന്നു പറയുമെന്നാണ് സൈബറിടങ്ങളിലെ ചർച്ച.

ഡിയർ കോമ്രഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ചിത്രങ്ങൾ സൂപ്പർ ഹിറ്റായതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ തങ്ങൾ മികച്ച സുഹൃത്തുക്കളാണെന്നും പരസ്പരം സപ്പോർട്ട് നൽകുന്നവരാണെന്നുമാണ് ഇരുവരും അഭ്യൂഹങ്ങൾക്ക് മറുപടി നൽകുന്നത്.

രൺബീർ കപൂർ നായകനായെത്തിയ അനിമൽ ആണ് രശ്മികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അല്ലു അർജുനൊപ്പം പുഷ്പ 2 വാണ് താരത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.