തിരുവനന്തപുരം: രാംലല്ലയുടെ ചിത്രം പങ്കുവെച്ചു നടി രേവതി. 'ജയ് ശ്രീറാം' എന്ന് ഉറക്കെ വിളിച്ചുപറയേണ്ട സമയമാണിതെന്ന കുറിപ്പുമായാണ് നടി രാമന്റെ ചിത്രം പങ്കുവെച്ചത്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്ന് രേവതി സമൂഹമാധ്യമങ്ങളിൽ എഴുതി.

അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രത്തോടൊപ്പമാണ് രേവതി കുറിപ്പ് പങ്കുവച്ചത്. ബാലനായ രാമന്റെ വശീകരിക്കുന്ന മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞെന്നും ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെപ്പിടിക്കുന്നതിനോടൊപ്പം മറ്റു വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും രേവതി പറഞ്ഞു. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു എന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും രേവതി പറയുന്നു.

''ഇന്നലെ ഒരു മറക്കാനാവാത്ത ദിവസമായിരുന്നു. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എന്റെയുള്ളിൽ ഇത്തരമൊരു അനുഭൂതി ഉണ്ടാകുമെന്ന് ഞാൻ കരുതിയതേയില്ല. അത്യധികം സന്തോഷം തോന്നി, എന്റെ ഉള്ളിൽ എന്തോ ഇളകിമറിയുകയായിരുന്നു. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്.

മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാൻ കഴിയുന്നു എന്നതിൽ അദ്ഭുതമില്ല. എല്ലാവരും ഇങ്ങനെ തന്നെ വേണം പ്രവർത്തിക്കാൻ. ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റി മറിച്ചു. ഒരുപക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ 'വിശ്വാസികളാണ്' ! ജയ് ശ്രീറാം.''രേവതിയുടെ വാക്കുകൾ. അതേസമയം തന്റെ അഭിപ്രായം പങ്കുവെച്ചതിന്റെ പേരിൽ രേവതിക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്.