മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ വീടിനു നേരെ ലോറൻസ് ബിഷ്‌ണോയി സംഘം നടത്തിയ വെടിവെപ്പിൽ താരത്തിന്റെ മൊഴി പുറത്ത്. വെടിവെപ്പിന്റെ ശബ്ദം കേട്ടാണ് താൻ ഉറക്കം എണീറ്റത് എന്നാണ് താരം പറഞ്ഞത്. ബാൽക്കണിയിൽ പോയി നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നും താരം വ്യക്തമാക്കി.

ജൂൺ നാലിന് മുംബൈ ബാന്ദ്രയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. സംഭവമുണ്ടായതിന്റെ തലേദിവസം ഒരു പാർട്ടി കഴിഞ്ഞെത്തി വൈകിയാണ് ഉറങ്ങാൻ കിടന്നത്. ബാൽക്കണിയിലാണ് വെടി കൊണ്ടത്. ഇത് കേട്ട് ഞെട്ടി ഉണർന്ന് നോക്കാനായി താൻ ബാൽക്കണിയിൽ പോയെന്നും ആ സമയം പുറത്ത് ഒന്നും കണ്ടില്ലെന്നും സൽമാൻ കൂട്ടിച്ചേർത്തു.

തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സഹായത്തിന് പൊലീസിനോട് താരം നന്ദി പറയുകയും ചെയ്തു. മൂന്നു മണിക്കൂറോളമെടുത്താണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

സൽമാന്റെ സഹോദരനും നടനുമായ അർബാസ് ഖാനെയും പൊലീസ് ചോദ്യം ചെയ്തു. രണ്ടു മണിക്കൂറോളമെടുത്താണ് അർബാസിനെ ചോദ്യം ചെയ്തത്. 150ലേറെ ചോദ്യവും സഹോദരങ്ങളോട് ചോദിച്ചു. ഇവരുടെ അച്ഛൻ സലിം ഖാനും സംഭവ സമയം ബാന്ദ്രയിലെ വീട്ടിലുണ്ടായിരുന്നു. പ്രായത്തെ പരിഗണിച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

ആവശ്യമുണ്ടെങ്കിൽ ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന്റെ മൊഴിയെടുക്കും. ഏപ്രിൽ 14നാണ് സൽമാൻ ഖാന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായി. കൂട്ടത്തിലൊരാൾ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിൽ നിന്ന് ഏറെ നാളായി താരത്തിന് വധഭീഷണി വരുന്നുണ്ട്.