ഹൈദരാബാദ്: മികച്ച ടീസറുകളിലൂടെയും പാട്ടുകളിലൂടെയും സിനിമാസ്വാദകരുടെ പ്രതീക്ഷ വാനോളമുയർത്തിയ ചിത്രമാണ് ശാകുന്തളം.ഇപ്പോഴിത ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നായികയായ സാമന്തയുടെ അസാന്നിദ്ധ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചർച്ചകൾ വഴിമാറിയപ്പോൾ ഇപ്പോഴിത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സമന്ത.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പ്രമോഷനിൽ നിന്ന് മാറി നിൽക്കുകയാണെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.തനിക്ക് പനിയാണ് എ്ന്നും താരം ട്വീറ്റ് ചെയ്തു. ഷൂട്ടിങ്ങിന്റേയും പ്രമോഷന്റേയും തിരക്ക് തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും പനിയെ തുടർന്ന് ശബ്ദം പോയെന്നുമാണ് സാമന്ത ട്വീറ്റ് ചെയ്തത്. എന്റെ സിനിമയുടെ പ്രമോഷനുവേണ്ടി നിങ്ങളുടെ സ്നേഹം അറിഞ്ഞ് നിങ്ങൾക്കിടയിൽ ഈ ആഴ്ച മുഴുവൻ ചെലവഴിക്കണം എന്നാണ് കരുതിയത്. അപ്രതീക്ഷിതമായി ഈ തിരക്കേറിയ ഷെഡ്യൂളും പ്രമോഷനും എന്നെ ബാധിച്ചു. പനി ബാധിച്ച് കിടക്കുകയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു.- സാമന്ത കുറിച്ചു. ശാകുന്തളുടെ പ്രമോഷൻ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും താരം പറഞ്ഞു.

 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. നന്നായി റെസ്റ്റ് ചെയ്ത് അസുഖം മാറിയ ശേഷം തിരിച്ചെത്തിയാൽ മതി എന്നാണ് അവർ കുറിക്കുന്നത്. ആരോഗ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ 14ന് തിയേറ്ററുകളിലെത്തും. ദേവ് മോഹനാണ് നായകനായി എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക.ചൊവ്വാഴ്ച സിനിമയുടെ പ്രത്യേക സ്‌ക്രീനിങ് നടന്നിരുന്നു. ഇതിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് വിവരം.

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടൻ ദേവ് മോഹനാണ് ചിത്രത്തിലെ നായകൻ.അല്ലു അർജുന്റെ മകൾ അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണ ടീം വർക്‌സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്റെ നിർമ്മാതാവാണ് ദിൽ രാജു.'ശകുന്തള'യുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം.