കൊച്ചി: പ്രമുഖ തെന്നിന്ത്യൻ നടി സാമന്ത മലയാള സിനിമയിലേക്ക്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായാണ് സാമന്തയെത്തുക. ചിത്രത്തിന്റെ ചിത്രീകരണം ജൂൺ 15 ന് ചെന്നൈയിൽ തുടങ്ങുമെന്നാണ് വിവരം. ജൂൺ 20 ന് മമ്മൂട്ടിയും ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.

മമ്മൂട്ടിയും സാമന്തയും ഒന്നിച്ചെത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇരുവരുടേയും ആരാധകരും ഏറെ ആവേശത്തിലാണ്. അടുത്തിടെ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പരസ്യ ചിത്രത്തിലും സാമന്ത അഭിനയിച്ചിരുന്നു.

മുൻപ് നയൻതാരയേയും മമ്മൂട്ടിയുടെ നായികയായി പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നവീൻ ഭാസ്‌കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തിൽ ഗൗതം മേനോനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ടർബോയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.