ഹൈദരാബാദ്: സാമന്തയുടെ പോഡ്കാസ്റ്റിനെ വിമർശിച്ചു ഡോക്ടർമാർ. നിരവധി ഫോളോവേഴ്‌സും പോഡ്കാസ്റ്റിനുണ്ട്. ഇപ്പോൾ അശാസ്ത്രീയമായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുകയാണ് സാമന്തയുടെ പോഡ്കാസ്റ്റ്. മെഡിക്കൽ രംഗത്തുള്ളവർ തന്നെയാണ് താരത്തിനെതിരെ രംഗത്തെത്തിയത്.

കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റാണ് വിവാദങ്ങൾക്ക് കാരണമായത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയാണ് സാമന്ത അതിഥിയായി ക്ഷണിക്കാറുള്ളത്. വിവാദ എപ്പിസോഡിൽ അൽക്കേഷ് സാരോത്രി എന്ന വ്യക്തിയാണ് അതിഥിയായി എത്തിയത്. കരളിനെ ശുദ്ധീകരിക്കുന്നതിനേക്കുറിച്ചാണ് അൽക്കേഷ് സംസാരിച്ചത്. ഡാൻഡെലിയോൺ പോലുള്ള സസ്യങ്ങൾ ഉപയോഗിച്ചാൽ കരളിലെ വിഷാംശം നീങ്ങും എന്നാണ് ഇയാൾ പറഞ്ഞത്.

ഇതിന് എതിരെയാണ് മലയാളിയായ കരൾരോഗ വിദഗ്ധൻ സിറിയാക് അബ്ബി ഫിലിപ് രംഗത്തെത്തിയത്. ദി ലിവർ ഡോക് എന്ന തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഡോക്ടർ രൂക്ഷ വിമർശനം നടത്തിയത്. കരളിന്റെ പ്രവർത്തനം പോലും അറിയാത്ത രണ്ടുപേരാണ് അതേക്കുറിച്ച് സംസാരിക്കുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്. നടിയെ ഫോളോ ചെയ്യുന്ന 3.3 കോടിയോളം പേരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

'വെൽനസ് കോച്ച് പെർഫോമൻസ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇൻസ്റ്റഗ്രാമിൽ പറയുന്ന ഈ അതിഥിക്ക് മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ചികിത്സയ്ക്കാൻ പച്ചമരുന്ന് മതി എന്നത് അടക്കം തീർത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാൾ പറയുന്നത്. വെൽനസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയിൽ പങ്കെടുത്തയാൾ ശരിക്കും ഒരു മെഡിക്കൽ വിദഗ്ധൻ അല്ല. അത് മാത്രമല്ല കരൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് സംബന്ധിച്ച് യാതൊരു അറിവുമില്ല. പരമ്പരാഗത ചികിത്സ അനുസരിച്ച് ഡാൻഡെലിയോണിന് മൂത്രവിസർജ്ജനം ത്വരിതപ്പെടുത്താൻ കഴിയും. എന്നാൽ അത് സംബന്ധിച്ച തെളിവുകൾ അപര്യാപ്തമാണ്.'- ഡോക്ടർ കുറിച്ചു.