ചെന്നൈ: മമ്മൂട്ടി നായകനായ സിനിമ കാതൽ നിരൂപക പ്രശംസ നേടി മുന്നോട്ടു പോകുകയാണ്. വളരെ മികച്ച സിനിമയെന്നാണ് ചിത്രത്തെ കുറിച്ചുള്ള പൊതു അഭിപ്രായം. തിനിടെ കാതൽ സിനിമയെ പ്രശംസിച്ച് നടി സാമന്തയും രംഗത്തുവന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് താരം കുറിപ്പ് പങ്കുവച്ചത്. ഈ വർഷത്തെ മികച്ച ചിത്രമാണ് കാതൽ എന്നാണ് സാമന്ത കുറിച്ചത്. മമ്മൂട്ടി തന്റെ ഹീറോ ആണെന്നും താരം കുറിക്കുന്നുണ്ട്.

മൂവി ഓഫ് ദി ഇയർ, നിങ്ങൾക്ക് വേണ്ടി ഒരു കാര്യം ചെയ്യൂ, മനോഹരവും കരുത്തുറ്റതുമായ ഈ ചിത്രം കാണൂ. മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോ ആണ്. ഈ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി.- സാമന്ത കുറിച്ചു.

മമ്മൂട്ടിയേയും ജ്യോതികയേയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതൽ. സ്വവർഗാനുരാഗത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രം പുറത്തിറങ്ങിയതു മുതൽ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്.