തൃശ്ശൂർ: അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികളുടെ പ്രിയങ്കരിയാണ് സംയുക്ത വർമ്മ. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്ന് ഇപ്പോഴും അകലം പാലിച്ചു നിൽക്കുകയാണ് സംയുക്ത.

സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത. നടിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസമാണ് സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്. സംയുക്തയുടെ കുടുംബാംഗവും നടിയുമായ ഊർമിള ഉണ്ണി അടക്കമുള്ള നിരവധി താരങ്ങൾ സംയുക്തയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.

എന്നാൽ കൂട്ടത്തിൽ ഒരാളുടെ മാത്രം പിറന്നാൾ ആശംസ ആരാധകർക്ക് മിസ് ചെയ്തിരുന്നു. നടി മഞ്ജു വാര്യരുടേത് ആയിരുന്നു അത്. സംയുക്തയുടെ അടുത്ത സുഹൃത്താണ് മഞ്ജു. ഇടയ്ക്കിടെ ഇരുവരും ഒരുമിച്ച് ഗീതു മോഹൻദാസിന്റെ ഫ്‌ളാറ്റിലേക്ക് വിസിറ്റ് നടത്തുകയും അവിടെ നിന്നുള്ള സൗഹൃദ സംഭാഷണങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഇപ്പോഴിതാ അൽപം വൈകിയാണെങ്കിലും പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംയുക്തയ്ക്ക് ഏറ്റവും സന്തോഷകരമായ ഒരു വർഷം ആശംസിക്കുന്നു. നിനക്കെന്റെ ലോഡ് കണക്കനും ടൺ കണക്കിനും സ്‌നേഹം. ഹാപ്പി ബർത്ത്‌ഡേ', എന്നാണ് പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു കുറിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സംയുക്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് മഞ്ജു ആശംസ അറിയിച്ചത്.