മുംബൈ: അനിമൽ സംവിധായകൻ ബോളിവുഡിലെ വിലയേറിയ സംവിധായകനായി മാറിക്കഴിഞ്ഞു. തെലുങ്കിൽ തുടങ്ങിയാണ് സന്ദീപ് റെഡ്ഡി വങ്ക ബോളിവുഡിലേക്കും ചുവടുവെച്ചത്. അർജ്ജുൻ റെഡ്ഡിയായിരുന്നു സന്ദീപ് റെഡ്ഡിയുടെ ആദ്യ സിനിമാ സംരംഭം. ഇത് പിന്നീട് കബീർ സിങ് എന്ന പേരിൽ ബോളിവുഡലുമെത്തി. വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തിയ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്. ഷാഹിദ് കപൂറാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. രണ്ട് പതിപ്പും വൻ വിജയമായിരുന്നു.

ഇപ്പോൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് സന്ദീപ് റെഡ്ഡി വങ്ക. അർജുൻ റെഡ്ഡിക്കായി ആദ്യം പരിഗണിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെ ആയിരുന്നില്ലത്രേ. അല്ലു അർജുനായിരുന്നു തന്റെ മനസിലെന്നും എന്നാൽ അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചില്ലെന്നും സന്ദീപ് പറഞ്ഞു.

' 2011-ൽ അല്ലു അർജുനോട് ഒരു കഥ പറഞ്ഞിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. പിന്നീട് അർജുൻ റെഡ്ഡിക്കായി അല്ലു അർജുനെ സമീപിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഒരു സുഹൃത്താണ് വിജയ്യെ പരിചയപ്പെടുത്തിയത്. രണ്ടാഴ്ച ശേഷം ഞങ്ങൾ ചിത്രീകരണം ആരംഭിച്ചു. എന്റെ ആദ്യ ചിത്രം അല്ലു അർജുനൊപ്പമാകണമെന്നായിരുന്നു എന്റെ ആഗ്രഹം'- സന്ദീപ് റെഡ്ഡി പറഞ്ഞു

അർജുൻ റെഡ്ഡി നിർമ്മിക്കാൻ ഇടയായ സാഹചര്യവും സംവിധായകൻ വെളിപ്പെടുത്തി. 'നിരവധി നിർമ്മാതാക്കളോട് ഈ ചിത്രത്തിന്റെ തിരക്കഥയുമായി പോയിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. അവസാനം ഞാൻ തന്നെ ഈ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചു'.

ഡിസംബർ ഒന്നിനാണ് അനിമൽ തിയറ്ററുകളിലെത്തിയത്. രൺബീർ കപൂർ, രശ്മിക ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 900 കോടിയാണ് ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്.