കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ നടിമാരുടെ കൂടത്തിലാണ് നടി സാനിയ ഇയ്യപ്പൻ. സൈബറിടത്തിലും സജീവമായ താരത്തിന് വൻ ഫോളോവേഴ്‌സ് തന്നെയുണ്ട്.. അടുത്തിടെ യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രീയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വർഷത്തെ കോഴ്സ്. ബി.എ. (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയമാണ് സാനിയ അയ്യപ്പൻ തിരഞ്ഞെടുത്തത്.

തന്റെ സർവകലാശാല ഐ.ഡി. കാർഡും ഒപ്പം യു.കെയിൽ നിന്നുള്ള ചിത്രങ്ങളും സാനിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇടക്കാലം കൊണ്ട് സിനിമാ തിരക്കുകയാൽ ഈ കോഴ്‌സ് ഉപേക്ഷിക്കേണ്ടിയും വന്നു. വരാനിരിക്കുന്ന ചിത്രം എമ്പുരാനിലും സാനിയക്ക് റോളുണ്ട്. പഠനവും സിനിമയുടെ ഡേറ്റും തമ്മിൽ ചേരാതായതും സാനിയക്ക് ലീവ് നിഷേധിക്കപ്പെട്ടു. ഇേതാടെ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു.

എന്നാൽ ഇപ്പോഴിതാ, പൊതുവേദികളിൽ എത്തുന്ന സിനിമാതാരങ്ങളും അവരുടെ ആരാധകരും തമ്മിലുള്ള വിനിമയങ്ങൾ പലപ്പോഴും വൈറൽ വീഡിയോകൾ ആകാറുണ്ട്. ഇരുകൂട്ടരും സൗഹാർദത്തോടെയും പരസ്പര ബഹുമാനത്തോടെയും ഇടപെടുന്നതാവും അവയിൽ ചിലതെങ്കിൽ മറ്റു ചിലവ താരത്തിന്റെ സ്വകാര്യതയെ മാനിക്കാത്ത കടന്നുകയറ്റങ്ങളാവും. കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പന്റേതായി ഒരു വീഡിയോ വൈറൽ ആയിരുന്നു. സാനിയയ്‌ക്കൊപ്പം ഒരു ആരാധകൻ എടുക്കുന്ന സെൽഫി ഫ്രെയ്മിലേക്ക് അദ്ദേഹത്തിന്റെ സുഹൃത്തോ സഹപ്രവർത്തകനോ ആയ ആൾ കൂടി കയറിനിൽക്കുന്നതാണ് വീഡിയോ.

രണ്ടാമത്തെ ആൾ തനിക്കടുത്തേക്ക് നിൽക്കുമ്പോൾ അകന്നുനിൽക്കുന്ന സാനിയയാണ് വീഡിയോയിൽ. ഷോർട്‌സ്, റീൽസ് എന്നിവയിലൂടെ ഈ വീഡിയോ വൈറൽ ആയതിനെത്തുടർന്ന് പലരും സാനിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി സാനിയ.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയയുടെ പ്രതികരണം. 'ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്‌തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി', സാനിയ ഇയ്യപ്പൻ കുറിച്ചു.