മുംബൈ: ബോളിവുഡിൽ ഇത് ഷാരൂഖ് ഖാന്റെ സമയമാണ്. തുടർച്ചയായി ആയിരം ക്ലബ്ബിൽ കയറിയ രണ്ട് സിനിമകൾക്ക് ശേഷം മകനൊപ്പം കൂടി അഭിനയിക്കാനുള്ള ശ്രമമാണ് താരം നടത്തുന്നകത്. ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന വെബ്‌സീരീസാണ് സ്റ്റാർഡത്തിനൊപ്പം സഹകരിക്കാനാണ് ഷാരൂഖ് ഖാന്റെ നീക്കം. നടൻ ബോബി ഡിയോളാണ് പ്രധാനവേഷത്തിലെത്തുന്നത്. വ്യത്യസ്ത ലുക്കിലാണ് ബോബി വെബ്‌സീരീസിൽ എത്തുന്നതെന്നാണ് വിവരം. ഇതിനോടകം തന്നെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

മകന്റെ വെബ് സീരീസിൽ ഷാറൂഖ് ഖാനും ഭാഗമായേക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. താരങ്ങളെ ഉദ്ധരിച്ച് മിഡ് ഡേയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. വെബ്‌സീരീസിൽ ഒരു നിർണായക രംഗത്തിലാണ് ഷാറൂഖ് ഖാൻ പ്രത്യക്ഷപ്പെടുകയെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രംഗങ്ങൾ ചിത്രീകരിക്കുമെന്നും പുറത്തുപ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.നിലവിൽ അന്ധേരിയിലാണ് ചിത്രീകരണം നടക്കുന്നത്.

ആറ് എപ്പിസോഡുകളുള്ള വെബ് സീരീസാണ് സ്റ്റാർഡം. പേര് പോലെതന്നെ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. കരൺ ജോഹർ, രൺവീർ സിങ്, രൺബീർ കപൂർ എന്നിവരും പരമ്പരയുടെ ഭാഗമാകുന്നുണ്ട്.

ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ഷാറൂഖ് ഖാൻ. ഈ വർഷം പുറത്തിറങ്ങി നടന്റെ ചിത്രങ്ങളായ പത്താനും ജവാനും 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.