മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും പ്രിവെഡ്ഡിങ് ആഘോഷത്തിൽ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. കാണികളുടെ ശ്രദ്ധാകേന്ദ്രമായി ഷാറൂഖ് ഖാനും കുടുംബവുവും ഡാൻസ് ചെയ്തു. മാർച്ച് ഒന്നിന് ഗുജറാത്തിലെ ജംനഗറിൽ ആരംഭിച്ച് ജനുവരി മൂന്നിന് അവസാനിച്ച ആഘോഷത്തിൽ എസ്.ആർ.കെയും കുടുംബവും സജീവമായിരുന്നു.

വേദിയെ കൈയിലെടുക്കാനുള്ള കിങ് ഖാന്റെ മിടുക്ക് എവർക്കും അറിയാവുന്നതാണ്. ഇത്തവണ കിങ് ഖാനൊപ്പം ഭാര്യ ഗൗരിയും മകൾ സുഹാനയും ഉണ്ടായിരുന്നു. 2004 ൽ പുറത്തിറങ്ങിയ വീർ സാറ എന്ന എസ്. ആർ.കെ ചിത്രത്തിലെ ഗായകൻ ഉദിത് നാരായണൻ ആലപിച്ച റൊമാന്റിക് ഗാനത്തിനാണ് എസ്.ആർ.കെക്കൊപ്പം ഗൗരി ഖാൻ ചുവടുവെച്ചത്. താരദമ്പതികളുടെ റൊമാന്റിക് നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രീവെഡ്ഡിങ് ചടങ്ങിൽ മകൾ സുഹാനയും എസ്.ആർ.കെക്കൊപ്പം ഉഗ്രൻ ഡാൻസുമായി എത്തിയിരുന്നു. 'റാ വണ്ണി'ലെ 'ചമക്ക് ചലോ' എന്ന ഗാനത്തിനാണ് അച്ഛനൊപ്പം ചുവടുവെച്ചത്. ഷാറൂഖിന്റേയും മകളുടേയും ഡാൻസും ആരാധകരുടെ ഹൃദയം കീഴടക്കി. ഷാറൂഖിനൊപ്പം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് സുഹാന. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.