- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുജാതയ്ക്ക് കിട്ടേണ്ടിയിരുന്ന ദേശീയ അവാർഡ് അട്ടിമറിച്ചു; സിബി മലയിൽ
കൊച്ചി: മലയാള സിനിമയിൽ പിന്നണി ഗാനരംഗത്ത് തിളങ്ങിയ ഒരുപാട് ഗായികമാരുണ്ട്. അതിൽത്തന്നെ മലയാളികളും അന്യഭാഷയിലുള്ളവരുമുണ്ട്. ദേശീയ അവാർഡ് നേടിയ ഒരുപാട് പിന്നണി ഗായകർ മലയാളത്തിലുണ്ട്. ഇപ്പോഴിതാ ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചെങ്കിലും ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചെന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ.
"പരദേശി' സിനിമയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ...' എന്ന ഗാനത്തിന് ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചെങ്കിലും അത് പിന്നീട് മാറി. ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു.
സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ 'ജബ് വി മെറ്റി'ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്.
അന്ന് മോഹൻലാലിന് പകരം ഷാരൂഖ് ഖാന് മികച്ച നടന് അവാർഡ് കൊടുത്തൂടെയെന്നും എന്നാൽ, അവാർഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയർമാൻ പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതു തന്നെ വലിയ സംഭവമാണ്..." എന്നാണ് സിബി മലയിൽ പറഞ്ഞത്.