ചെന്നൈ: ജയിലർ സിനിമയിലെ വിനായകന്റെ വില്ലൻ വേഷം എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനീകാന്തിന്റെ നായകനോട് കട്ടയ്ക്ക് നിൽക്കുന്ന വില്ലൻവേഷമായിരുന്നു വിനായകന്റേത്. ഇപ്പോഴിതാ ഒരു സൂപ്പർസ്റ്റാർ വിനായകനെ പുകഴ്‌ത്തി രംഗത്തുവന്നു. കന്നഡ സൂപ്പർസ്റ്റാർ ശിവാജ് കുമാറാണ് വിനായകന്റെ വില്ലൻ വേഷത്തെ പ്രശംസിച്ചത്.

വർമൻ എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷൻ വിനായകൻ നൽകിയതെന്നും, ഇത് എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകതയാണെന്നും ഗോസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ശിവരാജ് കുമാർ വ്യക്തമാക്കി.

'വിനായകൻ ജയിലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. വർമൻ എന്ന വില്ലനായി തിളങ്ങുമ്പോഴും ഹാസ്യത്തിനും പ്രധാന്യമുള്ള നിരവധി എക്സ്പ്രഷൻ വിനായകൻ നൽകിയത്. അതിമനോഹരം ആയിരുന്നു അത്. എല്ലാ മലയാള താരങ്ങൾക്കും ഉള്ളൊരു പ്രത്യേകതയാണ് അത്. കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള ഭാവപ്രകടനങ്ങൾ സ്‌ക്രീനിൽ എത്തിക്കുന്നതിൽ മലയാള താരങ്ങൾ അഗ്രഗണ്യരാണ്. അതാണ് വിനായകനിൽ കണ്ടത്', ശിവരാജ് കുമാർ പറഞ്ഞു.

അതേസമയം, ഗോസ്റ്റ് എന്ന ചിത്രമാണ് ശിവരാജ് കുമാറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ജയറാമും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഓക്ടോബർ 19ന് ലിയോയ്ക്ക് ഒപ്പം ആണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.