മുംബൈ: മാനേജറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തെന്നിന്ത്യൻ താരം സിമ്രാൻ. 25 വർഷമായി താരത്തിനൊപ്പം പ്രവർത്തിക്കുന്ന എം കാമരാജനാണ് അന്തരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി ആദരാജ്ഞലി അർപ്പിച്ചത്.

അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ ഒരു വാർത്ത. എന്റെ പ്രിയ സുഹൃത്ത് എം കാമരാജൻ അന്തരിച്ചു. 25 വർഷമായി എന്റെ വലംകൈയായിരുന്നു, എന്റെ ശക്തിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, ബുദ്ധിശക്തിയുള്ള വിശ്വാസ്യതയുള്ള ഒരാൾ. നിശ്ചയദാർഢ്യമുള്ള സ്വന്തമായി വളർന്നുവന്ന മനുഷ്യനായിരുന്നു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ സിനിമയിലെ എന്റെ യാത്ര അസാധ്യമായേനെ.

നിങ്ങളുടെ ജീവിതം വളരെയധികം ആളുകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്, നിങ്ങളെ വളരെയധികം മിസ് ചെയ്യും. ഈ പോക്ക് വളരെ വേഗത്തിലായിപ്പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ചിന്തകളും അഗാധമായ അനുശോചനവും അറിയിക്കുന്നു. അദ്ദേഹത്തിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി.- കാമരാജിന്റെ ഫോട്ടോ പങ്കുവച്ച് സിമ്രൻ കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

1995ൽ പുറത്തിറങ്ങിയ സനം ഹർജയ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിമ്രൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയയായി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സജീവമാവുകയാണ്.