കൊച്ചി: മലയാളം സിനിമകളിലൂടെയും കരിക്ക വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടി സ്‌നേഹാ ബാബു വിവാഹിതയായി. കരിക്ക് കുടുംബത്തിൽ നിന്നാണ് സ്‌നേഹയുടെ വരനും. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖിൽ സേവ്യറാണ് വരൻ. ഈ സീരീസിൽ സ്‌നേഹയും ഒരു പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.

സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് 'കരിക്ക്' താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാൻ എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

വിവാഹത്തിന്റെ ചിത്രങ്ങൾ സ്‌നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബാബു, ഗ്രേസി എന്നിവരാണ് സ്‌നേഹയുടെ മാതാപിതാക്കൾ. ഇന്റീരിയർ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കിൽ സജീവമായിരുന്നു.