മുംബൈ: തന്റെ പ്രിയസഖി സോനാക്ഷി സിൻഹക്ക് രണ്ടു കോടി രൂപയുടെ ഇലക്ട്രിക് കാർ സമ്മാനിച്ച് വരൻ സഹീർ ഇഖ്ബാൽ. മുംബൈ ബാന്ദ്രയിലെ വസതിയിൽ കഴിഞ്ഞ ദിവസം സ്‌പെഷൽ മാര്യജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതിമാർ സംഘടിപ്പിച്ച വിരുന്നിൽ ബോളിവുഡ് താരനിര ഒന്നടങ്കം പങ്കെടുത്തു. വിരുന്നിനായി ഇരുവരും വന്ന ബി.എം.ഡബ്ല്യൂ ഐ7, സോനാക്ഷിക്കുള്ള സഹീറിന്റെ സമ്മാനമാണെന്ന് മുംബൈ പപ്പരാസികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടനും ദീർഘകാല സുഹൃത്തുമായ സഹീർ ഇഖ്ബാലും വിവാഹിതരായത്. സൊനാക്ഷിയുടെ മുംബൈയിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്‌നൻ സിൻഹയുടെയും ഭാര്യ പൂനം സിൻഹയുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

ഇതിന്റെ ചിത്രങ്ങൾ സൊനാക്ഷിയും സഹീറും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഏഴ് വർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.