മുംബൈ: ഗദർ രണ്ടാം ഭാഗത്തിലൂടെ ബോളിവുഡിലേക്ക് ശക്തമായി മടങ്ങിയെത്തിയിരിക്കുകയാണ് സണ്ണി ഡിയോൾ. 2023 ഓഗസ്റ്റ് 11 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സോഫീസിൽ നിന്ന് ഏകദേശം 691 കോടിയോളം നേടിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണിത്.

ഇതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് നടൻ മദ്യപിച്ച് റോഡിൽലൂടെ നടക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലെ തിരക്കേറിയ റോഡിൽക്കൂടി നടക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. വിഡിയോ വൈറലായതോടെ നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

ഇപ്പോഴിതാ ആ വിഡിയോയുടെ സത്യാവസ്ഥ സണ്ണി ഡിയോൾ തന്നെ വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലാണ് ആ വൈറൽ വിഡിയോയെക്കുറിച്ച് പറഞ്ഞത്. 'ഷൂട്ടിന് വേണ്ടി റെക്കോർഡ് ചെയ്തതാണ്. അത് യഥാർഥ വിഡിയോയല്ല. അതിനാൽ എല്ലാവരും ശാന്തരാകണം. ഇനി എനിക്ക് മദ്യപിക്കണമെങ്കിൽ, റോഡിലൂടെ ഇങ്ങനെ നടക്കുമോ. ഒന്നമത് ഞാൻ മദ്യപിക്കാറില്ല എന്നതാണ് സത്യം. കൂടാതെ, അതൊരു യഥാർഥ വിഡിയോ അല്ല, ഒരു ഫിലിം ഷൂട്ടിങ് ആണ്- സണ്ണി ഡിയോൾ പറഞ്ഞു.

മദ്യപിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് അധികവും ബോളിവുഡ് പാർട്ടികളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് നടൻ മുമ്പ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുതിയ സിനിമയിൽ മദ്യത്തിനടിമയായ ഒരാളെയാണ് സണ്ണി ഡിയോൾ അവതരിപ്പിക്കുന്നത്.