മുംബൈ: ബോളിവുഡ് നടി സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് നേരത്തെ വൈറലായിരുന്നു. വീട്ടുജോലിക്കാരിയുടെ ഒമ്പത് വയസുള്ള മകളെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചായിരുന്നു നടി സണ്ണി ലിയോണി കുറിപ്പ് പങ്കിട്ടത്. കുട്ടിയെ കണ്ടെത്തുന്നവർക്ക് 50000 രൂപ പാരിതോഷികമായി നൽകുമെന്നും സണ്ണി ലിയോണി കുറിപ്പിനൊപ്പം എഴുതിയിരുന്നു.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സണ്ണിയുടെ പോസ്റ്റ് ഷെയർ ചെയ്തും പ്രാർത്ഥനകൾ നേർന്നും എത്തിയിരുന്നു. സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒമ്പത് മണിക്കൂർ പിന്നിടുമ്പോഴേക്കും കുട്ടിയെ കണ്ടെത്തി.

സണ്ണി തന്നെയാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ പെൺകുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യൽമീഡിയയിൽ പങ്കിട്ടത്. കണ്ടെത്തി... ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി അറിയിക്കുന്നു.സണ്ണി കുറിച്ചു.

മുംബൈയിലെ ജോഗേശ്വരി ഭാഗത്ത് വെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേര് വിവരങ്ങളും ചിത്രവും സണ്ണി ലിയോണി പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺ നമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിരുന്നു.

കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെട്ടത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവർക്കോ കുട്ടിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നൽകുന്നവർക്കോ പണമായി ഉടനടി 11000 രൂപ നൽകുമെന്നും.

ഇതിന് പുറമെ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി 50000 രൂപ കൂടി നൽകുമെന്നും സണ്ണി ലിയോണി പറഞ്ഞിരുന്നു. എല്ലാവരും കണ്ണുകൾ തുറന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തണമെന്നാണ് നടി ആവശ്യപ്പെട്ടത്. കുട്ടിയെ കണ്ടെത്തിയെന്ന് സണ്ണി അറിയിച്ചതോടെ നടിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ആരാധകരും പങ്കുകൊണ്ടു.