കൊച്ചി: അക്ഷയ് കുമാറിനെ ഞെട്ടിച്ച നടി താൻ ആണെന്ന് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാര ചടങ്ങിനിടെ താൻ പരിചയപ്പെട്ട ഒരു മലയാളി നടിയെ കുറിച്ച് അക്ഷയ് കുമാർ ഒരു പ്രസ് മീറ്റിൽ പറഞ്ഞത് ചർച്ചയായി മാറിയിരുന്നു. ഇതോടെ ആരാണ് ആ താരം എന്ന് അന്വേഷിക്കുകയായിരുന്നു പ്രേക്ഷകർ. സുരഭി ലക്ഷ്മിയെ കുറിച്ചാണ് അക്ഷയ് പറഞ്ഞതെന്ന് മലയാളികൾ കമന്റ് ചെയ്തതോടെ 2017ലെ ദേശീയ അവാർഡ് ചടങ്ങിലെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് നടി എത്തി.'മിന്നാമിനുങ്ങ്' എന്ന ആദ്യ ചിത്രത്തിലൂടെയാണ് സുരഭി ദേശീയ അവാർഡ് നേടുന്നത്. അക്ഷയ് കുമാർ 'രുസ്തം' എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 2017ൽ നേടിയത്.

'ദേശീയ അവാർഡ് വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. 'ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. താങ്കളുടെ വലിയൊരു ആരാധിക കൂടിയാണ്' എന്ന് അവർ പറഞ്ഞു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, 'സർ... താങ്കൾ എത്ര സിനിമ ചെയ്തിട്ടുണ്ട്?' എന്ന്.

'135 സിനിമയോളം ചെയ്തിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, 'കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?' ആ പെൺകുട്ടി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി! അവർ പറഞ്ഞു, സർ ഇത് എന്റെ ആദ്യ സിനിമ ആണെന്ന്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?" എന്നായിരുന്നു അക്ഷയ് കുമാർ പറഞ്ഞത്.

അക്ഷയ് കുമാർ സംസാരിച്ച വീഡിയോക്ക് താഴെയാണ് പലരും സുരഭിയെ മെൻഷൻ ചെയ്തത്. ഇതോടെ സുരഭി കമന്റുമായി എത്തുകയായിരുന്നു. "ഈ വീഡിയോയിൽ അദ്ദേഹം പരാമർശിച്ച വ്യക്തി ഞാനാണ്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്."

"അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ബഹുമതി ആയി ഞാൻ കാണുന്നു. എന്റെ പ്രിയപ്പെട്ട നടനുമായി കുറച്ചു സമയം പങ്കുവയ്ക്കാൻ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം എന്നെ ഇപ്പോഴും എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം" എന്നാണ് സുരഭി ലക്ഷ്മിയുടെ കമന്റ്.