കൊച്ചി: രാഷ്ട്രീയത്തിനൊപ്പം സിനിമയിൽ സജീവമായി തുടരുമെന്ന് സുരേഷ് ഗോപി. കുറേ അധികം സിനിമകൾ വരാനുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയ്‌ക്കൊപ്പം ചെയ്യുന്ന സിനിമയിലാണ് ഏറ്റവും പ്രതീക്ഷയുള്ളതെന്നും താരം വ്യക്തമാക്കി.

'സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ് പാവങ്ങൾക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും.'- മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാകും സുരേഷ് ഗോപി അഭിനയിക്കുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ ഒന്നിച്ചെത്തിയേക്കും. മമ്മൂട്ടി അല്ലാതെ മറ്റൊരു നടൻ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയുടെ ആറാമത്തെ നിർമ്മാണ സംരംഭം കൂടിയാണ് ഈ പ്രോജക്ട്. വരാഹം, ജെഎസ്‌കെ, എസ്ജി251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടുകൾ.