- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർമ്മാതാവ് മരം കുലുക്കിയോ അച്ചടിച്ചോ അല്ല പൈസ കൊണ്ടുവരുന്നത്; വായിൽ തോന്നുന്ന പോലെ വലിയ കാശ് ചോദിക്കുന്ന താരങ്ങൾ വീട്ടിലിരിക്കും; മുന്നറിയിപ്പുമായി സുരേഷ് കുമാർ

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾ തോന്നിയതും പോലെ പ്രതിഫലം ചോദിക്കുന്ന പ്രവണതക്കെതിരെ വിമർശനവുമായി നിർമ്മാതാവ് ജി സുരേഷ് കുമാർ. വലിയ കാശ് ചോദിക്കുന്ന താരങ്ങൾ വീട്ടിലിരിക്കുമെന്ന് നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി സുരേഷ് കുമാർ പറഞ്ഞു. വായിൽ തോന്നുന്ന രീതിയിലാണ് താരങ്ങൾ പ്രതിഫലം ചോദിക്കുന്നതെന്നും അതൊന്നും കൊടുക്കാൻ പറ്റുന്ന നിലയിലല്ല മലയാള സിനിമയെന്നും അദ്ദേഹം പറഞ്ഞു. നാദിർഷയുടെ പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
'വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് താരങ്ങൾ പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാൻ പറ്റുന്ന നിലയിലല്ല മലയാള സിനിമ. ഇനി അങ്ങനെയുള്ളവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും വരാൻ പോകുന്നത്. വലിയ കാശ് ചോദിക്കുന്നവരെ ഒഴിവാക്കാനുള്ള തീരുമാനമാണ് മലയാള സിനിമ എടുക്കാൻ പോകുന്നത്. തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകും. ഇത്ര ബഡ്ജറ്റിൽ കൂടുതലുള്ള ആളുകളെ ഒഴിവാക്കും.
ഇതൊരു മുന്നറിയിപ്പായിട്ട് പറയുകയാണ്. ന്യായമായിട്ട് ചോദിക്കാം. തീയേറ്ററിൽ കളക്ഷനില്ല. പതിനഞ്ച് പേരുണ്ടെങ്കിലേ ഷോ തുടങ്ങുകയുള്ളൂ. പതിനഞ്ച് പേർക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. ഇത് നിർമ്മാതാവ് മാത്രം മനസിലാക്കിയാൽ പോര.നിർമ്മാതാവ് മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അല്ലെങ്കിൽ നോട്ടടിച്ചല്ല കൊണ്ടുവരുന്നത്. അതുംകൂടി ഇവരൊന്ന് മനസിലാക്കണം.
അല്ലെങ്കിൽ അതിനുള്ള പ്രതിവിധി കണ്ടെത്താൻ ഒരു പ്രയാസവുമില്ല. ആരെ വച്ച് വേണേലും പടമെടുക്കാം. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഹിറ്റാകും. വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവൻ വീട്ടിലിരിക്കുന്ന രീതിയിലേക്കായിരിക്കും ഇനി പോകുന്നത്. അതൊരു മുന്നറിയിപ്പാണ്.'- സുരേഷ് കുമാർ പറഞ്ഞു.

