തിരുവനന്തപുരം: മലയാളത്തിലെ ഒരു ചിത്രം പോലും നൂറ് കോടി നേടിയിട്ടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നൂറ് കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാണ് നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്മൃതി സന്ധ്യ'യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംസാരിക്കവെ പറഞ്ഞു.

പണ്ടത്തെ പോലെയല്ല ഇന്നെന്നും സിനിമ നിർമ്മിക്കുകയെന്നത് കൈവിട്ട കളിയാണെന്നും സുരേഷ്‌കുമാർ കൂട്ടിച്ചേർത്തു. 'ഇന്നൊരു സിനിമ ഹിറ്റായാൽ കോടികൾ കൂട്ടുകയാണ് ആളുകൾ. 100 , 500 കോടി ക്ലബ്ബ് എന്നൊക്കെ കേൾക്കുന്നുണ്ട്. എന്നാൽ അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തിലെ ഒരു സിനിമ പോലും 100 കോടി രൂപ കളക്റ്റ് ചെയ്തിട്ടില്ല. അവർ പയുന്നത് ഗ്രോസ് കളക്ഷനാണ്'- സുരേഷ് കുമാർ പറഞ്ഞു.

'സിനിമാ നിരൂപണങ്ങളെ കണ്ണടച്ച് എതിർക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോടാണ് എതിർപ്പ്. പല അവസരങ്ങളിലും നിരൂപണത്തിന്റെ പരിധിവിട്ട് വ്യക്തിഹത്യയിലേക്ക് പോകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

നേരത്തെ തിയറ്ററിൽ നിന്ന് മാത്രം കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒ.ടി.ടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി സിനിമ നിർമ്മിക്കാൻ തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തിയറ്ററിലെത്തും'- സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവരും സുരേഷ് കുമാറിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.