തിരുവനന്തപുരം: രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. വൈശാഖ് സുഗുണൻ എഴുതി ഡോൺ വിൻസന്റ് കമ്പോസ് ചെയ്ത 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. അലോഷി ആഡംസ്, സന്നിധാനന്ദൻ, അശോക് ടി പൊന്നപ്പൻ, സുബ്രഹ്മണ്യൻ കെ.വി, സോണി മോഹൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് 16ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.