ചെന്നൈ: മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചെത്തിയ 'കാതൽ' സിനിമയെ പ്രശംസിച്ച് നടൻ സൂര്യ. അതി മനോഹരവും പുരോഗമനപരവുമായ സിനിമയാണ് കാതലെന്ന് സൂര്യ വ്യക്തമാകക്ി. വീണ്ടും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിനും മമ്മൂട്ടിക്കു നന്ദി പറയുന്നുവെന്നും സൂര്യ ഇൻസ്റ്റഗ്രാമം പോസ്റ്റിൽ കുറിച്ചു.

''സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ 'കാതൽ' പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമയോടുള്ള സ്‌നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി നിങ്ങളുടെ നിശബ്ദ ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്‌നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം.''സൂര്യ കുറിച്ചു.

നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവർക്കൊപ്പം ആർ.എസ്. പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.

മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിൽ നിന്നും നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. മമ്മൂട്ടിയെപ്പോലൊരു മഹാനടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യമാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്. ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്.

ഗോവയിൽ നടന്ന ഐഎഫ്എഫ്‌ഐയിലും ചിത്രം പ്രദർശിപ്പിച്ചു. ഡിസംബർ 8 മുതൽ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതൽ പ്രദർശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദർശനം. കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.