ചെന്നൈ: രജനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. രജനികാന്ത് നായകനാകുന്ന ഈ സിനിമയിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിലുണ്ട് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുകയാണ്.

ജയിലർ ഒരു പാൻഇന്ത്യൻ സിനിമയല്ലെന്ന് നായിക തമന്ന ഭാട്ടിയ വ്യക്തമാക്കിയതായി റിപ്പോർട്ട്. ജയിലർ കൃത്യമായും ഒരു പ്രദേശത്തെ പ്രേക്ഷകരെ ഉദ്ദേശിച്ചുള്ളതാണെന്നും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാകുമെന്നും താരം പറഞ്ഞതായാണ് റിപ്പോർട്ട്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി റിലീസിനെത്തുന്നത് സിനിമ കൂടുതൽ പ്രേക്ഷകരിലേയ്ക്ക് എത്തണമെന്ന നിർമ്മാതാക്കളുടെ ആഗ്രഹപ്രകാരമാണ്. രജനികാന്തിനെ ഒരു സൂപ്പർസ്റ്റാറായി കാണുന്നവരെ ജയിലർ തൃപ്തിപ്പെടുത്തുമെന്ന് തമന്ന പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പതിനൊന്ന് സീനുകളിലാണ് സെൻസർ ബോർഡ് മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ചില സീനുകളുടെ ദൈർഘ്യം കുറയ്ക്കാനും വയലൻസ് കാണിക്കുന്ന സീനുകളിൽ രക്തം കാണുന്നതിന്റെ അളവ് കുറയ്ക്കാനുമാണ് നിർദ്ദേശം. എന്നാൽ പ്രേക്ഷകർ ചർച്ചയാക്കുന്നത് രജനികാന്തും മോഹൻലാലും ശിവ രാജ്കുമാറും ഒന്നിച്ചെത്തുന്ന ഒരു സീൻ ആണ്. മൂവരും ഒന്നിച്ചിരുന്ന് പുകവലിക്കുന്ന ക്ലോസ് അപ്പ് സീനിന്റെ ദൈർഘ്യം കുറയ്ക്കാൻ സെൻസർ ബോർഡിന്റെ നിർദേശമുണ്ട്.

മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിജയ് നായകനായെത്തിയ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ജയിലറിന്. 2021ലെ 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയ്ക്ക് കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളുടെ നിരയിലാണ് 'ജയിലറി'ന്റെ സ്ഥാനം.