മുംബൈ: 2018ൽ നടി തനുശ്രീ ദത്ത പ്രമുഖ നടൻ നാനാ പടേക്കർക്കെതിരെ നടത്തിയ മീടൂ ആരോപണം വലിയ ചർച്ചയായിരുന്നു. തുടർന്ന് നടനെതിരെ കേസെടുക്കുകയും തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം പ്രതികരിച്ചിരിക്കയാണ് നാനാ പടേക്കർ.

തനിക്കെതിരെയുള്ള ആരോപണം നുണയാണെന്ന് അറിയാമായിരുന്നു എന്നാണ് താരം പറഞ്ഞത്. 'എല്ലാം നുണയായതുകൊണ്ട് ഞാൻ എന്തിന് ദേഷ്യപ്പെടണം? പിന്നെ അതെല്ലാം പഴയതാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് സംസാരിക്കാനാകും? സത്യം എല്ലാവർക്കും അറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് ഞാനെന്തു പറയാനാണ്? പൊടുന്നനെ ആരോ പറയുന്നു നീ ഇത് ചെയ്തു, നീ അത് ചെയ്തു എന്ന്. ഈ കാര്യങ്ങൾക്കെല്ലാം ഞാൻ എന്ത് മറുപടി പറയണമായിരുന്നു? ഞാൻ ഇത് ചെയ്തില്ല എന്ന് പറയണമായിരുന്നോ? ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം.'- നാനാ പടേക്കർ പറഞ്ഞു.

2008ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഡാൻസ് സ്റ്റെപ് പഠിപ്പിക്കാനെന്ന രീതിയിൽ അടുത്തു വന്നത് തന്നെ ബുദ്ധിമുട്ടിച്ചു എന്നാണ് നടി പറഞ്ഞത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ മീ ടൂ ക്യാമ്പെയ്ന്റെ തുടക്കത്തിലുയർന്ന സംഭവംകൂടിയായിരുന്നു ഇത്.