കൊച്ചി: പ്രേക്ഷകരെ ഒരിക്കലും നിർബന്ധിച്ച് തിയേറ്ററിലേക്ക് കൊണ്ടുവരാനാകില്ലെന്ന് നടൻ ടൊവിനോ തോമസ്. താൻ അഭിനയിച്ച സിനിമയാണെന്ന് പറഞ്ഞ് തിയേറ്ററിൽ വന്ന് കാണാൻ ആളുകളോട് വാശിപിടിക്കാൻ കഴിയില്ലെന്നും പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയണമെന്നും നടൻ പറഞ്ഞു. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പരാമർശങ്ങൾ.

'പ്രേക്ഷകരെ ഒരിക്കലും നിർബന്ധിച്ച് തിയേറ്ററിലേക്ക് കൊണ്ടുവരാനാകില്ല. സിനിമ ഒരു വിനോദമാണ്, ഞാൻ അഭിനയിച്ച സിനിമയാണ് നിങ്ങൾ തിയേറ്ററിൽ വന്ന് കാണണമെന്ന് വാശിപിടിക്കാൻ കഴിയില്ല. മറിച്ച് തിയേറ്റർ അനുഭവം ആവശ്യമുള്ള സിനിമ ചെയ്താൽ ആളുകളെ തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഒടിടിയിൽ കണ്ടാൽ പോരാ, തിയേറ്ററിൽത്തന്നെ കാണണമെന്ന് ആളുകൾക്ക് തോന്നിക്കഴിഞ്ഞാൽ അവർ സ്വാഭാവികമായിട്ടും വരും. അതിനുവേണ്ടി അടിച്ചുപൊളി സിനിമകൾ തന്നെ ചെയ്യണമെന്നില്ല. പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റുന്ന വേഗം കുറഞ്ഞ സിനിമകൾ ആണെങ്കിലും അവർ വരും. പക്ഷെ, അവരെ പിടിച്ചിരുത്താൻ കഴിയണം'. ടൊവിനോ പറഞ്ഞു.

'കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സമൂഹമാധ്യമങ്ങളിൽനിന്നും യു ട്യൂബിൽനിന്നുമെല്ലാം അധികം ഉള്ളടക്കമുണ്ടാക്കാൻ തുടങ്ങി. ആളുകളെ തിയേറ്ററിലേക്ക് വരാൻ കൊതിപ്പിക്കുന്ന, തോന്നലുണ്ടാക്കുന്ന സിനിമകൾ ഉണ്ടാകണം. അപ്പോൾ ആളുകൾ തിരിച്ചുവരും. അതിന്റെ ഉദാഹരണമാണ് രോമാഞ്ചം. ഞാൻ ആ സിനിമ കാണുമ്പോൾ തിയേറ്റർ ഹൗസ്ഫുള്ളായിരുന്നു. ആളുകൾ നന്നായി ആസ്വദിച്ച് സിനിമ കാണുന്നുമുണ്ടായിരുന്നു'. ടൊവിനോ കൂട്ടിച്ചേർത്തു. 'നീലവെളിച്ചം' എന്ന ആഷിക് അബു ചിത്രമാണ് ടൊവിനോയുടെ കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ ചിത്രം.