കൊച്ചി: കാതൽ സിനിമയിൽ മമ്മൂട്ടി അഭിനയിച്ച മാത്യു ദേവസ്സി ഹിറ്റായി ഓടുകയാണ്. ഇതിനിടെ അടുത്ത കഥാപാത്രമായി മമ്മൂട്ടിയുടെ പരിവർത്തനം സംഭവിച്ചു കഴിഞ്ഞു. ടർബോ എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ടർബോയുടെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു.

ഗംഭീര ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ച് ജീപ്പിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണുന്നത്.

കൊമ്പൻ മീശയും താടിയുമായി മാസ് ലുക്കിലാണ് താരം. മിഥുൻ മാനുവൽ ജോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കാതലിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്.

മധുരരാജയ്ക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുകയാണ് ടർബോയിലൂടെ. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.