കൊച്ചി: സിനിമാപ്രേമികളും മോഹൻലാൽ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന 'മലൈക്കോട്ടൈ വാലിഭൻ'. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽ. ജെ. പി ചിത്രമെന്ന പ്രത്യേകതയും വാലിഭനുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ 'പുന്നാര കാട്ടിലെ പൂവനത്തിൽ' എന്നുതുടങ്ങുന്ന ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. നാടൻ ശൈലിയിൽ പതിഞ്ഞ താളത്തിലുള്ള ഗാനം രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ പി. എസ് റഫീഖ് ആണ്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം വാലിബൻ ടീസറിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 10 മില്ല്യണിലധികം വ്യൂസ് ആണ് ടീസറിന് ലഭിച്ചത്. ഒരു മലയാള സിനിമയുടെ ടീസറിന് ലഭിക്കുന്ന റെക്കോർഡ് വ്യൂ ആണ് വാലിഭന്റെ ടീസറിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിൽ ആയിരുന്നു ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.