ചെന്നൈ: തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരൻ. വെള്ളിയാഴ്ച മുംബൈയിൽ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

തെന്നിന്ത്യൻ നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 14 വർഷമായി വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും സൗഹൃദത്തിലായിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ഗാല്ലറിസ്റ്റാണ് നിക്കോളായ്.

ക്രീം കസവുസാരിയിൽ അതിസുന്ദരിയായിരുന്നു വരലക്ഷ്മി. ഗോൾഡൻ വർക്കിലുള്ള ഹൈനെക്ക് ബ്ലൈസാണ് സാരിക്കൊപ്പം താരം അണിഞ്ഞിരുന്നത്. വെള്ള മുണ്ടും ഷർട്ടുമായിരുന്നു നിക്കോളായ് സച്ച്‌ദേവിന്റെ വേഷം. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാർക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.