- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്ക് സിനിമ ഫേസ്‌ബുക്കിൽ പങ്കുവെച്ചു സനൽകുമാർ ശശിധരൻ
കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനും നടൻ ടൊവിനോയും തമ്മിൽ വാക്ക് തർക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം തീരുന്നില്ല. സിനിമാ രംഗത്തെ തർക്കം പുതിയ തലത്തിൽ എത്തിച്ചു സിനിമയുടെ പൂർണരൂപം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് സനൽ കുമാർ ശശിധരൻ.
സിനിമ റിലീസ് ചെയ്യാൻ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂർണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂർ 33 മിനിറ്റുള്ള സിനിമ വിമിയോ വെബ്‌സൈറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായും നിർമ്മാണ പങ്കാളിയുമായി എത്തിയ ചിത്രം പുറത്തിറക്കാൻ താരം ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നുമുള്ള സനലിന്റെ ആരോപണത്തിലൂടെയാണ് വഴക്ക് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആരംഭിക്കുന്നത്. സിനിമ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ 'വഴക്ക്' ഫെസ്റ്റിവൽ സിനിമയാണെന്നും അത് സാധാരണ ജനങ്ങൾ ഇഷ്ടപ്പെടില്ലെന്നുമായിരുന്നു ടോവിനോയുടെ മറുപടിയെന്നും സനൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
സനൽ കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ടൊവിനോ തന്നെ രംഗത്തെത്തിയിരുന്നു. സനൽകുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനൽകുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാൽ ഇപ്പോഴത്തെ സനൽകുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
വഴക്ക് സിനിമ തുടങ്ങുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് തനിക്ക് പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ചിത്രത്തിനായി താൻ 27 ലക്ഷം രൂപ നിർമ്മാണ ചെലവ് നൽകി, പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. വഴക്ക് വിതരണം ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും പ്രെമോഷനായി വന്നിരിക്കാൻ തയ്യാറാണെന്നും ടൊവിനോ തോമസ് പറഞ്ഞു. സനൽകുമാർ ഉന്നയിക്കുന്ന ആരോപണങ്ങളുമായി പാരമൗണ്ടിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് നിർമ്മാതാവ് ഗിരിഷും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ടൊവിനോ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടിയായി സനൽകുമാർ വീണ്ടും രംഗത്ത് വന്നിരുന്നു. അസത്യങ്ങൾ കൊണ്ട് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ടൊവിനോ നടത്തിയതെന്നാണ് സനൽകുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. തനിക്ക് 'വഴക്ക്' സിനിമയിൽ നിന്നും ഒരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്നും ടോവിനോയും ഗിരീഷ് നായരും 27 ലക്ഷം രൂപ വീതം ചെലവാക്കി അല്ല സിനിമ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുകയായിരുന്നു. 25 ലക്ഷം രൂപ വീതം രണ്ടുപേരും നിക്ഷേപിക്കാം എന്ന ധാരണയിലാണ് സിനിമ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സനൽകുമാറിന്റേത് ശരിയായ വാദമല്ലെന്ന് തെളിയിക്കുന്ന പണം നൽകിയതിന്റെ സ്‌ക്രീൻ ഷോട്ട് ടൊവിനോയുടെ മാനേജർ ഗോകുൽ നാഥ് സനൽകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിൽ തന്നെ പോസ്റ്റ് ചെയ്തിരുന്നു.