ചെന്നൈ: ദളപതി വിജയ് നായകനായ ചിത്രം ലിയോയുടെ വിജയാഘോഷ പരിപാടി കഴിഞ്ഞ ദിവസമാണ് നടന്നത്. ലിയോയുടെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും ഇതിൽ പങ്കെടുത്തു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ഇേപ്പാഴിതാ അതിൽ സംസാരിച്ച നടൻ അർജുൻ സർജയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ് ഉടനെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ.

പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം വിജയ് പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നുമായിരുന്നു അർജുൻ പറഞ്ഞത്. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും അർജുൻ സർജ പറഞ്ഞു.

വിജയ്യെ ചെറുപ്പം മുതലേ കാണാറുണ്ടെന്നും നാണം കുണുങ്ങിയായ പ്രകൃതക്കാരനാണെന്നും അർജുൻ വെളിപ്പെടുത്തി. എന്നാൽ ഇന്ന് അദ്ദേഹം രാജ്യത്തെ തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് ഉയർന്നു എന്ന് സൂപ്പർ താരത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നടൻ ശിവാജി ഗണേശന്റെ കൃത്യനിഷ്ഠയാണ് ദളപതി വിജയ്ക്കെന്നാണ് അർജുൻ പറയുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ വലിയ വിജയമാണ് ലോകവ്യാപകമായി സ്വന്തമാക്കിയിരിക്കുന്നത്. വിജയ് - തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ.