ലോസ് ആഞ്ജലീസ്: ഹോളിവുഡ് താരം വിൻ ഡീസലിനെതിരെ പീഡന പരാതി. മുൻ അസിസ്റ്റന്റാണ് പരാതി ഉന്നയിച്ചു രംഗത്തുവന്നത്. 12 വർഷങ്ങൾക്ക് മുൻപ് അറ്റ്‌ലാന്റയിലെ ഹോട്ടൽ മുറിയിൽവെച്ച് നടൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കാലിഫോർണിയ കോടതിയിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

വിൻ ഡീസൽ പ്രധാന വേഷത്തിലെത്തിയ 'ഫാസ്റ്റ് ഫൈവി'ന്റെ ഷൂട്ടിങ് സമയത്താണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വിൻ ഡീസലിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വൺ റേസ് പ്രൊഡക്ഷൻസ് 2010-ലാണ് പരാതിക്കാരിയായ യുവതിയെ താരത്തിന്റെ അസിസ്റ്റന്റായി നിയമിക്കുന്നത്.

ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് വിൻ ഡീസൽ ആക്രമിച്ചുവെന്നാണ് പരാതി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടൻ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. നടന്റെ സഹോദരിക്കെതിരെയും ആരോപണമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതിയെ നടന്റെ സഹോദരി ജോലിയിൽ നിന്ന് പുറത്താക്കിയെന്നും സഹോദരനെ സംരക്ഷിക്കുന്നതിനായിട്ടായിരുന്നു നീക്കമെന്നുമാണ് പരാതി.

12 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതിയുമായി വന്നതിൽ ദുരൂഹതയുണ്ടെന്ന് നടന്റെ അഭിഭാഷകൻ പറയുന്നു. സംഭവം നടൻ നിഷേധിച്ചുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ഭയം കാരണമാണ് പീഡനം വിവരം പുറത്തുപറയാതിരുന്നതെന്ന് യുവതി വ്യക്തമാക്കി.